ഞങ്ങള്‍ പിറവം ബിപിസി കോളേജില്‍ പഠിക്കുന്ന കാലം. അക്കാലത്ത് ഞാനും ബിട്ടുവും കുല്ലുവും മാത്രമാണ് അവിടെ കോളേജിനടുത്ത് ഒരു റൂമെടുത്ത് താമസിച്ചിരുന്നത്. ബാക്കി എല്ലാവരുടേയും വീടുകള്‍ ഒരുവിധം അടുത്തു തന്നെയാണ്. അവരെല്ലാം ‘മിക്കവാറും’ എല്ലാ ദിവസവും സ്വന്തം വീട്ടില്‍ നിന്നും തന്നെയാണ് കോളേജില്‍ വന്നുപോയ്ക്കോണ്ടിരുന്നത്. (ലവന്മാരൊക്കെ ഒരുമാതിരി ദിവസങ്ങളിലെല്ലാം ഞങ്ങളുടെ റൂമില്‍ തന്നെ കാണും കേട്ടോ. അതുകൊണ്ടാണ് ‘മിക്കവാറും’ എന്നു സൂചിപ്പിച്ചത്.)
എന്തായാലും ഇതിനൊരു പ്രായ്ശ്ചിത്തം എന്ന പോലെയാകണം, ഇടയ്ക്ക് ഒരു അവധി ദിവസം വന്നാല്‍ അപ്പോള്‍ തന്നെ ഇവന്മാരാരെങ്കിലും ഞങ്ങളെയെല്ലാവരേയും അവരുടെ വീട്ടിലേയ്ക്കു ക്ഷണിക്കുമായിരുന്നു. ആദ്യം കുറച്ചൊക്കെ ജാഢ കാണിക്കുമെങ്കിലും ഞങ്ങള്‍ ചെല്ലാമെന്നു സമ്മതിക്കും... എല്ലാവരും കൂടെ ചെല്ലുകയും ചെയ്യും. എന്നു കരുതി, ആ വീട്ടുകാര്‍ക്ക് ശല്യമൊന്നുമാകില്ല. പക്ഷേ, ഒരു കുഞ്ഞു സദ്യയ്ക്കു വേണ്ട ഏര്‍പ്പാടുകളൊക്കെ അവരു ചെയ്യേണ്ടി വരുമെന്നു മാത്രം. കാരണം വിളിക്കുന്നത് ഞങ്ങളെ മൂന്നു പേരെയുമാണെങ്കിലും ചെല്ലുന്നത് ഞങ്ങള്‍ ഏഴും കൂടിയാണേയ്. എങ്ങനെയൊക്കെ ആയാലും ഞങ്ങളെ എല്ലാവരേയും ഇപ്പറഞ്ഞ എല്ലാവരുടേയും വീട്ടുകാര്‍ക്ക് നല്ലവണ്ണം അറിയാമായിരുന്നു. (കുറച്ചൊന്നുമല്ലല്ലോ, ഞങ്ങളെ സഹിച്ചിരിക്കുന്നത്… അവരാരും അതൊന്നും ഈ ജന്മത്തു മറക്കാനിടയില്ല)
വല്ലപ്പോഴുമുള്ള ഈ വിസിറ്റിനു പുറമേ പരീക്ഷാക്കാലമടുത്താല്‍ ഞങ്ങള്‍ ചിലപ്പോഴെല്ലാം കമ്പയിന്‍ സ്റ്റഡി നടത്താറുള്ളത് ഇവന്മാരുടെ ആരുടെയെങ്കിലും വീട്ടിലായിരിക്കും. ഈ ‘കമ്പയിന്‍ സ്റ്റഡി’യെപ്പറ്റി ഞാന്‍ വിശദീകരിക്കേണ്ടല്ലോ. പഠിക്കുന്നതിനിടയില്‍ ‘ഒരു ചോദ്യം കണ്ടാല്‍ അതേതു ചാപ്റ്ററില്‍ നിന്നാണെന്ന് ആര്‍ക്കും പറയാനറിയില്ലായിരുന്നുവെങ്കിലും അടുക്കളയില്‍ നിന്നും ഒരു മണം വന്നാല്‍ അതേതു കറിയായിരിക്കും’ എന്നു പറയാനുള്ള ഒരു പ്രത്യേക വൈദഗ്ദ്ധ്യം ഞങ്ങള്‍ക്കു കൈ വന്നതിനു കാരണം ഈ കമ്പയിന്‍ സ്റ്റഡി ആയിരുന്നു എന്ന് നിസ്സംശയം പറയാം.
അങ്ങനെ മൂന്നാം വര്‍ഷം, അഞ്ചാം സെമസ്റ്ററിലോ മറ്റോ സ്റ്റഡിലീവ് സമയത്ത് ബിമ്പു ഒരു അബദ്ധം കാണിച്ചു…. എന്നു വച്ചാല്‍ ഞങ്ങളെ അവന്റെ വീട്ടിലേയ്ക്ക് കമ്പയിന്‍ സ്റ്റഡിയ്ക്കു ക്ഷണിച്ചു. ഇതു കേട്ടതോടെ രണ്ടു ദിവസം അവിടെ നില്‍ക്കാനുള്ള പ്ലാനില്‍ പതിവു പോലെ എല്ലാവരും കൂടെ പുസ്തകങ്ങളും അത്യാവശ്യം വസ്ത്രങ്ങളുമായി അങ്ങോട്ട് കെട്ടിയെടുത്തു.
സാധാരണ, ആദ്യത്തെ ദിവസം പഠനമൊന്നും നടക്കില്ല. ആ വീട്ടുകാരോടെല്ലാം വിശേഷങ്ങളും പറഞ്ഞ് ആ നാടും പറമ്പുമെല്ലാം ചുറ്റി നടന്ന്, പഠനസാമഗ്രികളെല്ലാം തയ്യാറാക്കി ഇടയ്ക്ക് ഭക്ഷണവും കഴിച്ചങ്ങനെ ഇരിക്കും. അതുപോലെ തന്നെ അന്നും തുടര്‍ന്നു. ചെന്നു കയറിയതു തന്നെ സന്ധ്യയ്ക്കായിരുന്നു. പറമ്പിലെല്ലാം ഒന്നു ചുറ്റി, ഒന്നു കുളിച്ചു റെഡിയായപ്പോഴേയ്ക്കും സമയം രാത്രിയായി. പുസ്തകങ്ങളും മറ്റും നിരത്തിയപ്പോഴേയ്ക്കും ബിമ്പുവിന്റെ മമ്മി വന്നു ഭക്ഷണം കഴിക്കാന്‍ വിളിച്ചു. എല്ലാവരും അതു കേള്‍ക്കാനിരിക്കുകയായിരുന്നു എന്ന പോലെ ഡൈനിങ്ങ് ടേബിളിലേയ്ക്ക് ഓടി. പതിവു പോലെ ആദ്യമെത്തിയത് സുധിയപ്പന്‍ തന്നെ. (ഞങ്ങളുടെ കൂട്ടത്തില്‍ ഇടയ്ക്കിടെ ഈ വിശപ്പിന്റെ അസുഖമുള്ള ആളായിരുന്നു ഈ സുധിയപ്പന്‍). എല്ലാവരും ടേബിളിനു ചുറ്റും നിരന്നിരുന്നു. കൂടെ ബിമ്പുവും അവന്റെ പപ്പയും അനുജനും കുഞ്ഞനുജത്തിയും.
അപ്പോഴേയ്ക്കും ബിമ്പുവിന്റെ വല്യമ്മച്ചിയും (പപ്പയൂടെ അമ്മ)എത്തി. പ്രായാധിക്യം കൊണ്ട് കാഴ്ചയ്ക്ക് അല്‍പ്പം പ്രശ്നമുണ്ടായിരുന്നു വല്യമ്മച്ചിക്ക്. ഒപ്പം കുറച്ച് ഓര്‍മ്മക്കുറവും. ഞങ്ങളെയെല്ലാവരേയും മുന്‍പ് കണ്ടു പരിചയമുണ്ടായിരുന്നുവെങ്കിലും മറന്നുകാണുമല്ലോ എന്ന ശങ്കയില്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന്റെ വേഗം ഒരല്പം കുറച്ചു. വെട്ടി വിഴുങ്ങുന്നത് ഒരു മയത്തിലാക്കി എന്നര്‍ത്ഥം. അവന്റെ പപ്പയ്ക്കും മമ്മിയ്ക്കുമെല്ലാം ഞങ്ങളെ മുന്‍പേ അറിയാമായിരുന്നതിനാല്‍ അവരുടെ മുന്‍പില്‍ ഇനിയും ഇമേജ് കുറയുമോ എന്ന ശങ്ക ഇല്ലായിരുന്നു. (വല്ലതും ഉണ്ടേലല്ലേ കുറയൂ) ഞങ്ങളുടെ സ്ട്രൈക്ക് റേറ്റ് കുറയാന്‍ കാരണം വല്യമ്മച്ഛിയുടെ സാന്നിധ്യമാണെന്ന് മനസ്സിലാക്കിയ ബിമ്പു ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. “നിങ്ങള്‍ കഴിക്ക് അളിയന്മാരേ… വല്യമ്മച്ഛിയ്ക്ക് നിങ്ങളെയൊക്കെ അറിയാവുന്നതാ”
ഒപ്പം വല്യമ്മച്ഛിയോടൊരു ചോദ്യവും “ വല്യമ്മച്ഛീ… ഇവരെയൊക്കെ മനസ്സിലായില്ലേ?”
ബിമ്പുവിന്റെ കൂട്ടുകാരാണെന്ന് മനസ്സിലാക്കിയ വല്യമ്മച്ഛി പരിചയഭാവത്തില്‍ ചിരിച്ചു കൊണ്ട് പറഞ്ഞു “പിന്നില്ലാതെ…!”
എന്നിട്ട് പതിയെ ഇതൊന്നും അത്ര ശ്രദ്ധിക്കാതെ ഒരു ചിക്കന്‍ പീസില്‍ നിന്ന് ശ്രദ്ധയോടെ അവസാന തരി ഇറച്ചിയും കൂടെ കടിച്ചെടുക്കുന്നതില്‍ മാത്രം വ്യാപൃതനായിരുന്ന സുധിയപ്പന്റെ അടുത്തെത്തി. എന്നിട്ടവന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
“ അല്ലാ, കൊച്ച് ആണോ പെണ്ണോ?”
തിന്നു കൊണ്ടിരുന്ന ചിക്കന്‍ പീസ് തൊണ്ടയില്‍ കുടുങ്ങിയതു പോലെ സുധിയപ്പനൊന്ന് ഞെട്ടി. ഒപ്പം ഞങ്ങളെല്ലാവരും. ‘വല്യമ്മച്ഛിയ്ക്ക് കണ്ണിന് ഇത്രയും കാഴ്ചക്കുറവുണ്ടോ?’ ‘സുധിയെ കണ്ടിട്ടാണോ ആണാണോ പെണ്ണാണോ എന്നു ചോദിക്കുന്നത്?’ ‘ഭാഗ്യം! ഞങ്ങളോടാരോടും ചോദിച്ചില്ലല്ലോ’ എന്നെല്ലാമുള്ള ചിന്തകള്‍ക്കു പുറമേ ഒരറ്റത്തു നിന്നും മത്തന്‍ മാലപ്പടക്കത്തിനു തിരി കൊളുത്തിയതു പോലെ ചിരി തുടങ്ങി. പിന്നെ, പിടിച്ചു നിര്‍ത്താനാകാതെ ഞങ്ങളും കൂടെ കൂടി. ആ കൂട്ടച്ചിരിക്കിടയില്‍ സുധിയപ്പന്‍ മാത്രം അത്രയും നേരം വാരി വിഴുങ്ങിയതെല്ലാം ആവിയായിപ്പോയ പോലെ ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നു.
അപ്പോഴേയ്ക്കും സംഭവം മനസ്സിലാക്കിയ ബിമ്പു ഇടപെട്ടു. അവന്‍ വിശദീകരിച്ചപ്പോഴാണ് എല്ലാവര്‍ക്കും കാര്യം മനസ്സിലായത്. ഈ സംഭവം നടക്കുന്നതിനും ഒന്നു രണ്ടാഴ്ച മുന്‍പ് ബിട്ടു ബിമ്പുവിന്റെ വീട്ടില്‍ പോയിരുന്നു. അന്ന് ബിട്ടു വല്യമ്മച്ചിയോട് കുറേ നേരം സംസാരിച്ച കൂട്ടത്തില്‍ മഞ്ജുവേച്ചി (അവന്റെ സഹോദരി) പ്രസവിക്കാന്‍ കിടക്കുന്ന കാര്യവും സൂചിപ്പിച്ചിരുന്നു. അതിനു ശേഷം വല്യമ്മച്ചി എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോഴാണ് ആ കാര്യം ഓര്‍മ്മ വന്നത്. അപ്പോഴെന്തോ, ബിട്ടുവാണെന്നു തെറ്റിദ്ധരിച്ച് സുധിയപ്പനോട് ചേച്ചിയുടെ കൊച്ച് ആണാണോ പെണ്ണാണോ എന്ന് ചോദിച്ചതായിരുന്നു. എന്നാല്‍ ആളു മാറിയതു കൊണ്ടും ആ പഴയ സംഭവം ബിമ്പുവിനല്ലാതെ ആര്‍ക്കുമറിയില്ലായിരുന്നതു കൊണ്ടും സുധിയപ്പനുള്‍പ്പെടെ എല്ലാവര്ക്കും അതൊരു നേരം പോക്കായി മാറുകയായിരുന്നു. എന്തായാലും ആ സംഭവം സുധിയപ്പനും ബിമ്പുവിന്റെ വീട്ടുകാരുമുള്‍പ്പെടെ എല്ലാവരും ആസ്വദിച്ച് ആഘോഷിച്ചു.
സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കിയ ആശ്വാസത്തില്‍ സുധിയപ്പനാകട്ടെ, തേഡ് അമ്പയറുടെ തീരുമാനത്തില്‍ ഔട്ടാകാതെ രക്ഷപ്പെട്ട ബാറ്റ്സ്മാന്റെ ആത്മവിശ്വാസത്തോടെ അടുത്ത ചിക്കന്‍ പീസുമായി മല്‍പ്പിടുത്തത്തിലേര്‍പ്പെട്ടു, കൂടെ ഞങ്ങളും.
അതിനു ശേഷം വളരെക്കാലത്തേയ്ക്ക് ഞങ്ങള്‍ക്ക് പറഞ്ഞു ചിരിക്കാനും സുധിയപ്പനെ കളിയാക്കാനും ഉള്ള ഒരു സംഭവമായിരുന്നു അത്. അങ്ങനെ എല്ലാവരും ഒരുമിച്ചുള്ളപ്പോള്‍ ഞങ്ങളവനോട് പറയും ‘അന്ന് ബിമ്പു അവനെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ബിട്ടുവിന്റെ കാര്യം എടുത്തിട്ടത്’ എന്ന്. അപ്പോള്‍ അതിന്റെ തുടര്‍ച്ചയായി &%***&#@% എന്നെല്ലാം പറഞ്ഞു കൊണ്ട് സുധിയപ്പന്‍ ആരും കാണാതെ കണ്ണാടിയിലേയ്ക്ക് ഒന്നു പാളി നോക്കുമായിരുന്നു.സാധാരണ ക്ലീന്‍ ഷേവ് ചെയ്തു നടക്കാറുള്ള അവന്‍ പിന്നെ കുറേക്കാലത്തേയ്ക്ക് മീശയും താടിയും വളര്‍ത്തുന്ന കാര്യത്തിലും വളരെയേറെ ശ്രദ്ധിച്ചിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്.

